ജാലകം നിത്യജീവൻ: February 2015

nithyajeevan

nithyajeevan

Wednesday, February 25, 2015

ഫാത്തിമ - നരക ദർശനം

1917 ജൂലൈ 13 -  മൂന്നാം ഫാത്തിമാദർശനം

     വർഷങ്ങൾക്കു ശേഷം സിസ്റർ ലൂസി തൻ്റെ ഓർമ്മക്കുറിപ്പിൽ ദൈവമാതാവിൻ്റെ മൂന്നാമത്തെ  ദർശനത്തെപ്പറ്റി എഴുതി..   
              "അളവില്ലാത്ത സ്നേഹത്തോടെ,   രോഗിയായ തൻ്റെ കുഞ്ഞിനെ ഒരമ്മ നോക്കുന്നതുപോലെ മാതാവ് സ്നേഹത്തോടെ ഞങ്ങളെ നോക്കി.. സന്തോഷം നിമിത്തം ഞാൻ സംസാരിക്കാൻ മറന്നു. അപ്പോൾ ജസീന്ത എന്നെ തോണ്ടിക്കൊണ്ടു പറഞ്ഞു; "ലൂസി, മാതാവിനോട് സംസാരിക്ക്... അമ്മ നിന്നോട് സംസാരിക്കുന്നുണ്ട്.."
ഞാൻ ചോദിച്ചു: "ഞാൻ എന്തുചെയ്യണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്?"
"അടുത്ത മാസം പതിമ്മൂന്നാം തീയതിയിലും നിങ്ങൾ ഇവിടെ വരണമെന്ന് ഞാനാഗ്രഹിക്കുന്നു.   ലോകത്തിൽ സമാധാനം കൈവരുന്നതിനും യുദ്ധം അവസാനിക്കുന്നതിനുമായി ജപമാല രാജ്ഞിയുടെ സ്തുതിയ്ക്കായി ജപമാല ചെല്ലുന്നത് തുടരുക; കാരണം ലോകത്തെ രക്ഷിക്കാൻ കഴിവുള്ളത് അവൾക്കു മാത്രമാണ്.."
                   ഈ ദർശനം പിശാചിൻ്റെ തട്ടിപ്പാണെന്നുള്ള തൻ്റെ അമ്മയുടെയും ഇടവക വികാരിയുടെയും വാക്കുകൾ ഈ സമയം ലൂസി  ഓർമ്മിച്ചു.  നിഷ്കളങ്കമായി അവൾ ചോദിച്ചു; "അങ്ങ് ആരാണെന്ന് ഞങ്ങളോട് പറയുമോ? ഞങ്ങൾ പറയുന്നതൊന്നും ആളുകൾ വിശ്വസിക്കുന്നില്ല.. അങ്ങ് യഥാർഥത്തിൽ   ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന്  അവർ വിശ്വസിക്കുന്നതിനായി അങ്ങ് ഒരു അത്ഭുതം പ്രവർത്തിക്കുമോ ?"
"നിങ്ങൾ എല്ലാ മാസവും ഇവിടെ വരുന്നതു തുടരുക. ഒക്ടോബർ മാസത്തിൽ, ഞാൻ ആരാണെന്നും എന്തിനാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നതെന്നും  പറയുന്നതാണ്.  എല്ലാവരും കാണുന്നതിനും വിശ്വസിക്കുന്നതിനുമായി അന്ന് ഞാൻ ഒരത്ഭുതം പ്രവർത്തിക്കുകയും ചെയ്യും... "
                   അനന്തരം ലൂസി, ആളുകളുടെ അപേക്ഷകൾ മാതാവിനെ അറിയിച്ചു. അമ്മ പറഞ്ഞു; "ചിലർക്ക് സൗഖ്യം ലഭിക്കും; മറ്റുള്ളവർക്ക് ഇല്ല.  മുടന്തനായ കുട്ടിയോട് പറയുക, ഞാൻ അവനെ സുഖപ്പെടുത്തുകയോ അവൻ്റെ ദാരിദ്ര്യം നീക്കുകയോ ഇല്ല; എങ്കിലും, എല്ലാ ദിവസവും അവൻ കുടുംബത്തോടോന്നിച്ച് ജപമാല ചൊല്ലണം." 
                  രോഗിയായ ഒരു മനുഷ്യൻ, തന്നെ വേഗം സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകണമെന്ന് അപേക്ഷിച്ചിട്ടുള്ള കാര്യം ലൂസി മാതാവിനോടു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു: "ധൃതി പിടിക്കേണ്ട എന്ന് അവനോടു പറയുക; എപ്പോഴാണ് അവനു വേണ്ടി വരേണ്ടതെന്ന് എനിക്കറിയാം.."
                ചിലരുടെ മാനസാന്തരത്തിനായി അപേക്ഷിച്ചപ്പോഴും, മുടന്തനായ കുട്ടിയുടെ കാര്യത്തിലെന്നപോലെ ജപമാല ചൊല്ലാനാണ് അമ്മ ആവശ്യപ്പെട്ടത്.  അനന്തരം കുട്ടികളെ അവരുടെ പ്രത്യേക ദൗത്യത്തെപ്പറ്റി ഓർമ്മിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു: "പാവപ്പെട്ട പാപികൾക്കായി നിങ്ങൾ നിങ്ങളെത്തന്നെ ബലിയാക്കുക. എപ്പോഴും, പ്രത്യേകിച്ച് ത്യാഗങ്ങൾ ചെയ്യുമ്പോൾ ഇപ്രകാരം പ്രാർഥിക്കുക: "ഓ, എന്റെ ഈശോയെ, അവിടുത്തോടുള്ള സ്നേഹത്തെപ്രതിയും പാപികളുടെ മാനസാന്തരത്തിനായും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനെതിരെ ചെയ്യപ്പെടുന്ന നിന്ദനങ്ങൾക്കു പരിഹാരമായും ഈ ത്യാഗപ്രവൃത്തി ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു."
              അനന്തരം മാതാവ് കഴിഞ്ഞ ദർശനങ്ങളിലെപ്പോലെ ഇരുകരങ്ങളും വിടർത്തി;  ആ കരങ്ങളിൽനിന്നു പുറപ്പെട്ട പ്രകാശം ഭൂമിയുടെ അഗാധങ്ങളിലേക്ക് തുളഞ്ഞു കയറുന്നതുപോലെ തോന്നി.  അപ്പോൾ ഞങ്ങൾക്കു മുൻപിൽ ഒരു തീക്കടൽ കാണായി; അതിൽ വന്യമൃഗങ്ങളുടെ രൂപമുള്ള ധാരാളം   പിശാചുക്കളെയും    കത്തുന്ന കനൽക്കട്ട പോലെയിരുന്ന നിരവധി മനുഷ്യാത്മാക്കളെയും ഞങ്ങൾ കണ്ടു.  കൊടും തീയിൽ പതിക്കുന്ന തീപ്പൊരി പോലെ  മനുഷ്യരൂപങ്ങൾ എല്ലാ വശത്തുനിന്നും ആ തീക്കടലിലേക്ക് പതിച്ചുകൊണ്ടിരുന്നു!! ഭയങ്കരമായ വേദനയുടെയും നിരാശയുടെയും കരച്ചിലുകൾ അവിടെ നിന്നും ഉയർന്നുകേട്ടു .. പേടിച്ചരണ്ട ഞങ്ങൾ അമ്മയെ നോക്കി നിലവിളിച്ചു.. "ഓ, അമ്മേ.." 

     ഈ ദർശനം ഒരു നിമിഷം മാത്രമേ നീണ്ടുനിന്നുള്ളൂ.  പരിശുദ്ധ മാതാവ്, ൻ്റെ ആദ്യ ദർശനത്തിൽത്തന്നെ, ഞങ്ങൾ മൂവരും സ്വർഗ്ഗത്തിൽ പോകുമെന്ന് ഉറപ്പുനല്കിയിരുന്നു. അല്ലായിരുന്നെങ്കിൽ,  ഭീതിയുളവാക്കുന്ന ദർശനം കണ്ടുപേടിച്ച് ഞങ്ങൾ അപ്പോൾത്തന്നെ മരിച്ചുപോയേനെ ..   ഭയന്നു വിറച്ച് മാതാവിനെ നോക്കിയ ഞങ്ങളോട് അതിയായ കാരുണ്യത്തോടെ അമ്മ പറഞ്ഞു: "പാവപ്പെട്ട പാപികൾ ചെന്നുചേരുന്ന സ്ഥലമായ നരകമാണ് നിങ്ങൾ കണ്ടത്.  അവരെ രക്ഷിക്കുന്നതിനായി

 എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകമെമ്പാടും വ്യാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
എൻ്റെ നിർദേശങ്ങൾ അനുസരിച്ചാൽ നിരവധി ആത്മാക്കൾ രക്ഷപ്പെടും. ലോകത്തിൽ സമാധാനമുണ്ടാകും. യുദ്ധം അവസാനിക്കാൻ പോവുകയാണ്..
എന്നാൽ, ആളുകൾ ദൈവനിഷേധം തുടർന്നാൽ, ഇപ്പോഴത്തേതിലും  ഭയാനകമായ മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടും. അത് പതിനൊന്നാം പീയൂസ് മാർപ്പാപ്പായുടെ കാലത്തായിരിക്കും. രാത്രിസമയം  അജ്ഞാതമായ ഒരു വലിയ പ്രകാശത്താൽ ആകാശം പ്രശോഭിതമാകുന്നതു കാണുമ്പോൾ മനസ്സിലാക്കിക്കൊള്ളുക,  ദൈവം ലോകത്തെ അതിന്റെ പാപങ്ങൾക്കായി ശിക്ഷിക്കാൻ പോവുകയാണ് .. യുദ്ധങ്ങളും തൽഫലമായി   പട്ടിണിയും ലോകത്തിൽ നടമാടും. സഭയും അതിൻ്റെ ഇടയനും പീഡിപ്പിക്കപ്പെടും.
                   ഇതു തടയുന്നതിനായി, റഷ്യയെ എൻ്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണം. ഒപ്പം,എനിക്കെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കു പരിഹാരമായി തുടർച്ചയായ   അഞ്ചു മാസാദ്യ ശനിയാഴ്ചകളിലെ ബലിയർപ്പണം എനിക്കു കാഴ്ച വെയ്ക്കുകയും വേണം.  ഇതാവശ്യപ്പെടുന്നതിനായാണ്‌ ഞാൻ ഇവിടെ വന്നത്.  
 ഇക്കാര്യങ്ങൾ ആരോടും പറയരുത്.  ഫ്രാൻസിസിനോട് പറയാം.."
ലൂസി ചോദിച്ചു; "ഞാൻ മറ്റെന്തെങ്കിലും ചെയ്യണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ?"
"ഇല്ല; ഇന്ന് നീ മറ്റൊന്നും തന്നെ ചെയ്യേണ്ടതില്ല."
    ദർശനം സമാപിച്ചു. കുട്ടികൾ ധ്യാനത്തിൽ നിന്നുണരുന്നതുപോലെ   എഴുനേറ്റപ്പോൾ ആളുകൾ അവരെ പൊതിഞ്ഞു.  എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു; "ലൂസി, നിങ്ങൾക്കിത്രമാത്രം സങ്കടം വരാൻ എന്തുകാര്യമാണ് മാതാവ് നിങ്ങളോടു പറഞ്ഞത്?"
"അതൊരു രഹസ്യമാണ്."
"നല്ലകാര്യമാണോ ?"
"ചിലർക്ക് നല്ലതാണ്; ചിലർക്ക് അല്ല.."
"അതെന്താണെന്ന് ഞങ്ങളോടു പറയില്ലേ?"
"ഇല്ല. എനിക്ക് അതിന് അനുവാദമില്ല."
തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ചതയുമെന്നായപ്പോൾ ജസീന്തയുടെ പിതാവ് അവളെയും എടുത്തുകൊണ്ട് ആളുകളെ തള്ളിമാറ്റി റോഡിലേയ്ക്കിറങ്ങി. ഫ്രാൻസിസിനെ മറ്റൊരു ബന്ധു എടുത്തു; നല്ല ഉയരമുള്ള മറ്റൊരാൾ ലൂസിയുടെ കൈയിലും പിടിച്ചു.   അവർ വീട്ടിലേക്കു മടങ്ങി.  ജനക്കൂട്ടം അപ്പോഴും പിരിഞ്ഞു  തുടങ്ങിയിരുന്നില്ല..

Tuesday, February 24, 2015

ഫാത്തിമ - മൂന്നാം ദർശനം ( 1917 ജൂലൈ )

ദൈവമാതാവിന്റെ മൂന്നാമത്തെ ദർശനത്തീയതിയായ ജൂലൈ 13 അടുത്തു വരുംതോറും ജസീന്തയും  ഫ്രാൻസിസും ആനന്ദഭരിതരായി. എന്നാൽ, പാവം ലൂസിയുടെ സ്ഥിതി നേരെ മറിച്ചായിരുന്നു; അവളുടെ മാതാപിതാക്കളും സഹോദരങ്ങളും അവളോട്‌ ഒട്ടുംതന്നെ അനുഭാവം കാണിച്ചില്ലെന്നു മാത്രമല്ല,  അവൾ നുണ പറയുകയാണെന്നാരോപിച്ച്  അവളെ നിരന്തരം ശകാരിക്കുകയും ചെയ്തിരുന്നു.  അവൾ കണ്ടത് മാതാവിനെയല്ല, പിശാചിനെയാണ് എന്ന് അവളെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിച്ചു.. അതോടെ ലൂസി ആശയക്കുഴപ്പത്തിലായി.  ഇത്തവണ കോവാ ദെ ഇറിയായിലേക്കു പോകുന്നില്ലെന്ന് അവൾ തീരുമാനിച്ചു. പന്ത്രണ്ടാം തീയതി വൈകിട്ട് അവൾ ഇക്കാര്യം ജസീന്തയോടും   ഫ്രാൻസിസിനോടും പറഞ്ഞു; അതോടെ അവർ   നിരാശരായി, കരയാൻ തുടങ്ങി...  ലൂസിയെക്കൂടാതെ അവിടെപ്പോകുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പോലുമായില്ല .. ലൂസി പറഞ്ഞു:  "ഞാൻ എന്താണു വരാഞ്ഞതെന്ന് മാതാവു ചോദിച്ചാൽ നിങ്ങൾ പറയണം, അത് പിശാചാണെന്നു പേടിച്ചാണ് വരാത്തതെന്ന് ..."ഇതു പറഞ്ഞിട്ട് അവൾ ധൃതിയിൽ ഓടിപ്പോയി.  
എന്നാൽ, പതിമ്മൂന്നാം തീയതി പ്രഭാതമായപ്പോഴേക്കും ലൂസിയുടെ ആശയക്കുഴപ്പമെല്ലാം നീങ്ങി; അവൾ ഉന്മേഷവതിയായി.. തന്റെ കസിൻസ് കോവാ ദെ ഇറിയായിലേക്കു പോയോ എന്നറിയാനായി അവൾ അവരുടെ വീട്ടിലേക്കു ചെന്നു.   അവിടെ ഫ്രാൻസിസും ജസീന്തയും കട്ടിലിനരികിൽ മുട്ടുകുത്തി കരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് അവൾ കണ്ടത്.
"നിങ്ങൾ ഇതുവരെ പോയില്ലേ?" ലൂസി ചോദിച്ചു.
"നിന്നെക്കൂടാതെ പോകാൻ ഞങ്ങൾക്കു ധൈര്യം വന്നില്ല.." ജസീന്ത പറഞ്ഞു.  ലൂസി പോകാനൊരുങ്ങിയാണ് വന്നിരിക്കുന്നതെന്നറിഞ്ഞപ്പോൾ അവർ ആനന്ദഭരിതരായി.  മൂന്നുപേരും സന്തോഷത്തോടെ ദർശനസ്ഥലത്തേക്കു പുറപ്പെട്ടു..
                        കുട്ടികൾ വരുന്നതിനു വളരെ മുൻപുതന്നെ ദർശനസ്ഥലം ആളുകൾ കൈയടക്കിയിരുന്നു. ദൂരെ നിന്നുള്ള ധാരാളം ആളുകൾ  തലേന്നുതന്നെ അവിടെയെത്തി കാവലിരിക്കുന്നുണ്ടായിരുന്നു.   തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽക്കൂടി ഞെരുങ്ങി അവർ ഓക്ക്‌ മരത്തിനടുത്തെത്തി അവിടെ മുട്ടുകുത്തി.   അന്നത്തെ സംഭവങ്ങൾ ജസീന്തയുടെ പിതാവ് വിവരിക്കുന്നു:
                     "കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഞാൻ നൂറു ശതമാനവും വിശ്വസിച്ചു. കാരണം അവർ നുണ പറയുന്ന കുട്ടികളായിരുന്നില്ല.  അന്നത്തെ ദിവസം (ജൂലൈ 13 ) എന്തായാലും കുട്ടികളുടെ കൂടെപ്പോകുമെന്ന് ഞാൻ തീരുമാനിച്ചു.  എന്നാൽ, വഴിയിലേക്കിറങ്ങിയ ഞാൻ കണ്ടത് റോഡ്‌ തിങ്ങി നിറഞ്ഞ് ആളുകൾ ദർശനസ്ഥലത്തേക്കു പോകുന്നതാണ്.. കുട്ടികളെ കാണാനേയുണ്ടായിരുന്നില്ല.  ഒരുകണക്കിൽ ഞാൻ അവിടെയെത്തി;  ലൂസി ജപമാലയ്ക്കു നേതൃത്വം കൊടുക്കുന്നുണ്ടായിരുന്നു.. എന്നാൽ, കുട്ടികളുടെ അടുത്തെത്താൻ ഒരു വഴിയും കണ്ടില്ല.  അപ്പോൾ എന്റെ രണ്ടു പരിചയക്കാർ എന്നെക്കണ്ടു;  "ഇതു കുട്ടികളുടെ പിതാവാണ്" എന്നുപറഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ അവർ എന്നെ മുൻപിലെത്തിച്ചു. അങ്ങനെ എനിക്ക് എന്റെ ജസീന്തയുടെ അടുത്തായി മുട്ടുകുത്തുവാൻ കഴിഞ്ഞു..
                 ജപമാല തീർന്നപ്പോൾ ലൂസി എഴുന്നേറ്റു നിന്നു; കിഴക്കുഭാഗത്തേക്കു നോക്കിക്കൊണ്ട്‌ അവൾ വിളിച്ചുപറഞ്ഞു; "കുട മടക്കുക, കുട മടക്കുക,  മാതാവ് വരുന്നുണ്ട് .."  സൂക്ഷിച്ചു നോക്കിയപ്പോൾ ചാരനിറത്തിലുള്ള ഒരു ചെറിയ മേഘത്തുണ്ട് ആ ഓക്ക്മരത്തിന്മേൽ വന്നിരിക്കുന്നത് ഞാൻ കണ്ടു. കത്തിജ്വലിച്ചുകൊണ്ടിരുന്ന സൂര്യൻ പെട്ടെന്ന് മേഘപടലത്തിനുള്ളിൽ ആയതുപോലെ കാണപെട്ടു; അന്തരീക്ഷത്തിൽ സുഖകരമായ ഒരു തണുപ്പ് അനുഭവപ്പെട്ടു.. ഒരു മന്ദമാരുതൻ ഞങ്ങളെയെല്ലാം തഴുകാൻ തുടങ്ങി... അതുവരെ സൂര്യന്റെ ചൂട് സഹിക്കാനാവാതെ കുട ചൂടി നിന്നിരുന്ന ആളുകൾക്ക് അന്തരീക്ഷത്തിൽ അനുഭവപ്പെട്ട ഈ വ്യതിയാനം അത്ഭുതകരമായിത്തോന്നി.   അത്യുഷ്ണമുള്ള വേനൽക്കാലത്തെ ഒരു മധ്യാഹ്നമാണ് അതെന്ന് ആർക്കും തോന്നിയില്ല.   ഒരു മൊട്ടുസൂചി നിലത്തു വീണാൽ കേൾക്കാവുന്നത്ര നിശബ്ദത അവിടെയെങ്ങും വ്യാപിച്ചു.."
വർഷങ്ങൾക്കു ശേഷം സിസ്റർ ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ ഈ ദർശനത്തെപ്പറ്റി എഴുതി.. 
Sr.Lucia at Dorothean Convent - 1945
                   "അളവില്ലാത്ത സ്നേഹത്തോടെ,   രോഗിയായ തന്റെ കുഞ്ഞിനെ ഒരമ്മ നോക്കുന്നതുപോലെ മാതാവ് സ്നേഹത്തോടെ ഞങ്ങളെ നോക്കി.. സന്തോഷം നിമിത്തം ഞാൻ സംസാരിക്കാൻ മറന്നു. അപ്പോൾ ജസീന്ത എന്നെ തോണ്ടിക്കൊണ്ടു പറഞ്ഞു; "ലൂസി, മാതാവിനോട് സംസാരിക്ക്... അമ്മ നിന്നോട് സംസാരിക്കുന്നുണ്ട്.."

Thursday, February 19, 2015

1917 ജൂണ്‍ 13 - ഫാത്തിമയിലെ രണ്ടാം ദർശനം


                                    1917 മേയ്  പതിമൂന്നാം തീയതിയായിരുന്നു ദൈവമാതാവിന്റെ ആദ്യ ദർശനം. ആ ദർശനത്തിൽ മാതാവ് നിർദ്ദേശിച്ചതനുസരിച്ച് ജൂണ്‍ 13 ന് രണ്ടാമത്തെ ദർശനത്തിനായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു. ഇതിനകം ദർശനവാർത്ത രാജ്യമൊട്ടാകെ പരന്നിരുന്നു. ഓരോരുത്തർക്കും  അവരവരുടേതായ ധാരണകളുണ്ടായിരുന്നു. ചിലർ  വിശ്വസിച്ചു; ഭൂരിപക്ഷവും അവിശ്വസിച്ചു.  ദർശകരായ മൂന്നു കുട്ടികളും അവരുടെ മാതാപിതാക്കളും   പലവിധത്തിലും അവഹേളിക്കപ്പെട്ടു.  ലൂസിയുടെ അമ്മയാകട്ടെ,  ഈ പ്രചാരണങ്ങൾക്ക് ഒരു അറുതി വരുത്തണമെന്ന് നിശ്ചയിച്ച് ഇടവകവികാരിയെ ചെന്നുകണ്ടു.  അദ്ദേഹം കുട്ടികളെ മൂന്നുപേരെയും വരുത്തി വെവ്വേറെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിനും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.  കുട്ടികളാകട്ടെ, തങ്ങൾ  പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു.
ദർശനം സത്യമാണെന്നു വിശ്വസിച്ചവരിൽ ഒരാളായിരുന്നു മരിയ കരിര എന്ന സ്ത്രീ.  (ദർശനങ്ങളുടെ ഏതാണ്ട് തുടക്കം മുതൽ എല്ലാറ്റിനും ദൃക് സാക്ഷിയായിരുന്ന   ഇവരിൽ നിന്നാണ് പിൽക്കാലത്ത് ദർശനങ്ങളെപ്പറ്റി വിലപ്പെട്ട പല വിവരങ്ങളുംലഭിച്ചത്.)           അവർ പറയുന്നു: "എനിക്ക് എപ്പോഴും അസുഖമായിരുന്നു. ഡോക്ടർമാർ എന്നെ എഴുതിത്തള്ളിയതായിരുന്നു.  എന്റെ ഭർത്താവ്  ലൂസിയുടെ പിതാവിന്റെ കൂടെയാണ് ജോലി ചെയ്തിരുന്നത്.  അദ്ദേഹം പറഞ്ഞാണ് ആദ്യത്തെ ദർശനത്തെപ്പറ്റി ഞാനറിയുന്നത്.  ലൂസിക്കും അവളുടെ പിതൃ സഹോദരിയുടെ മക്കളായ മറ്റു രണ്ടു കൊച്ചുകുട്ടികൾക്കും ദൈവമാതാവ്  പ്രത്യക്ഷയായി എന്നും അടുത്ത ആറുമാസക്കാലം എല്ലാ പതിമൂന്നാം തീയതികളിലും മാതാവ് വീണ്ടും പ്രത്യക്ഷയാകുമെന്നും കേട്ടപ്പോൾ എനിക്ക്    ഉൽസാഹമായി.  കോവാ ദെ ഇറിയായിൽ പോകുമെന്ന് അപ്പോൾത്തന്നെ ഞാൻ ഉറപ്പിച്ചു. എന്നാൽ,  അക്കാര്യം ഭർത്താവിനോടു പറഞ്ഞപ്പോൾ അദ്ദേഹമെന്നെ നിരുൽസാഹപ്പെടുത്തുകയാണ് ചെയ്തത്.  "നീ എന്തൊരു വിഡ്ഢിയാണ്? നിനക്ക് മാതാവിനെ കാണാൻ പറ്റുമെന്നാണോ നീ വിചാരിക്കുന്നത്?"  എന്നാൽ പോകണമെന്ന തീരുമാനത്തിൽനിന്നു പിന്മാറാൻ ഞാനൊരുക്കമായിരുന്നില്ല.  ഞാൻ പറഞ്ഞു; "മാതാവിനെക്കാണാൻ പറ്റില്ല എന്നെനിക്കറിയാം; എന്നാൽ,  രാജാവ് വരുന്നുവെന്നു കേട്ടാൽ നാം വീട്ടിലിരിക്കുമോ ? മാതാവ് അവിടെ പ്രത്യക്ഷപ്പെടുന്നുവെന്നു അവർ പറയുമ്പോൾ കുറഞ്ഞപക്ഷം മാതാവിനെക്കാണാൻ നമുക്ക് ഒരു ശ്രമം നടത്തുകയെങ്കിലും ചെയ്യാമല്ലോ?" (പില്ക്കാലത്ത്  കുട്ടികളുടെ വലിയൊരു സഹായിയായിത്തീർന്നു ഈ സ്ത്രീ)
                                      വി.അന്തോനീസിന്റെ തിരുനാൾ ദിനമായ ജൂണ്‍ 13,   ഇടവകയുടെ  ആഘോഷ ദിനമാണ്. അന്നത്തെ ആഘോഷത്തിമിർപ്പിൽ ദർശനത്തിന്റെ കാര്യം കുട്ടികൾ മറക്കുമെന്ന് അവരുടെ അമ്മമാർ കരുതി. എന്നാൽ, അവർക്കിപ്പോൾ  ആഘോഷമോ സന്തോഷമോ സംഗീതമോ സദ്യയോ ഒന്നുമല്ല പ്രധാനമെന്ന്   ആ അമ്മമാർ അറിഞ്ഞില്ല!! കഴിഞ്ഞ ഒരുമാസമായി പാട്ടും ഡാൻസും ഉച്ചഭക്ഷണവുമെല്ലാം ഉപേക്ഷിച്ച് പാപികളുടെ മാനസാന്തരത്തിനു വേണ്ടി അവർ കാഴ്ച വെയ്ക്കുകയായിരുന്നുവെന്നും അവർ അറിഞ്ഞില്ല!  കുട്ടികൾ ദർശനസ്ഥലത്തു പോകുന്നുവെങ്കിൽ അവരെ തടയേണ്ട എന്ന് വൈദികൻ പറഞ്ഞിരുന്നുവെങ്കിലും അതു കൂട്ടാക്കാതെ, ദർശനസ്ഥലത്തു പോകരുതെന്ന്  തിരുനാളിന്റെ തലേന്ന്  അമ്മമാർ കുട്ടികളെ വിലക്കി. എന്നാൽ, പിറ്റേന്ന് രാവിലെ തന്നെ കുട്ടികൾ മൂവരും ആടുകളെയുമായി കോവാ ദെ ഇറിയായിലെയ്ക്കു പുറപ്പെട്ടു.  അവർ ദർശനസ്ഥലത്തെത്തിയപ്പോൾ, മരിയ കരിരയുടെ നേതൃത്വത്തിൽ ഒരു ചെറിയ ആൾക്കൂട്ടം പ്രാർത്ഥന ചൊല്ലിക്കൊണ്ട് അവരെയും കാത്തിരിപ്പുണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളെപ്പറ്റി മരിയ ഇപ്രകാരം ഓർമ്മിക്കുന്നു:
                   "വി.അന്തോനീസിന്റെ തിരുനാൾദിനമായ ജൂണ്‍ 13 ന് വീട്ടിലെല്ലാവരും പള്ളിയിലേക്കു പുറപ്പെടുന്നതിനു മുൻപുതന്നെ ഞാൻ എന്റെ മുടന്തനായ മകൻ ജോണുമൊന്നിച്ച് കോവാ ദെ ഇറിയായിലേക്കു പുറപ്പെട്ടു.  ഞങ്ങളായിരുന്നു അവിടെ ആദ്യമെത്തിയവർ. അല്പം കഴിഞ്ഞപ്പോൾ ളൂരേരായിൽ നിന്നുള്ള ഒരു സ്ത്രീ വന്നുചേർന്നു. ഞങ്ങളെക്കണ്ടപ്പോൾ അവൾ ആശ്ചര്യഭരിതയായി; കാരണം ഞാൻ മാറാരോഗിയാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ ചോദിച്ചു; "നിങ്ങളിവിടെ എന്തുചെയ്യുകയാണ് ?"
"നിങ്ങൾ എന്തു ചെയ്യുന്നോ അതുതന്നെ .." ഞാൻ മറുപടി നല്കി.
അവൾ എന്റെയടുത്തായി ഇരിപ്പുറപ്പിച്ചു.  അൽപ്പംകൂടി കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ വന്നു.  അയാളും ഞങ്ങളുടെ കൂടെക്കൂടി.  പിന്നെ, കൂടുതൽക്കൂടുതൽ ആളുകൾ വരാൻ തുടങ്ങി. ഏതാണ്ട് 11 മണിയായപ്പോൾ കുട്ടികൾ മൂന്നുപേരും അവരുടെ ഏതാനും കൂട്ടുകാരുമൊത്ത് വന്നു.   ഞങ്ങൾ എല്ലാവരുംകൂടി മാതാവ് പ്രത്യക്ഷപ്പെട്ട ഓക്ക് മരത്തിനടുത്തേക്കു ചെന്നു.  ഏതാണ്ട് മൂന്നടി പൊക്കമുള്ള, നല്ല വളർച്ചയുള്ള ഒരു മരം...ലൂസി അതിന്റെ മുൻപിൽ നിന്നിട്ട് കിഴക്കുഭാഗത്തേക്കു നോക്കിക്കൊണ്ടു നിന്നു... അൽപ്പനേരം അങ്ങനെ നിന്ന ശേഷം വെയിൽ കൊള്ളാതിരിക്കാനായി അവൾ അടുത്തുള്ള വലിയൊരു വൃക്ഷത്തിന്റെ തണലിൽ പോയിരുന്നു.. ജസീന്തയും ഫ്രാൻസിസും അവളുടെ ഇരുവശത്തുമായി ഇരിപ്പുറപ്പിച്ചു .."
സമയം കടന്നുപോയിക്കൊണ്ടിരുന്നു.. ചിലരൊക്കെ ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങി. ആരോ ഒരാൾ കുട്ടികൾക്ക് മൂന്നുപേർക്കും ഓരോ ഓറഞ്ച് കൊടുത്തു. അവരതു വാങ്ങിയെങ്കിലും ഭക്ഷിച്ചില്ല. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ അപ്പോൾ  കൊന്ത ചൊല്ലാൻ തുടങ്ങി.  ഞാൻ തീരെ അവശയായിരുന്നതിനാൽ മാതാവ് വരാൻ താമസമുണ്ടോ എന്ന് ലൂസിയോട്‌ ചോദിച്ചു: വൈകാതെ വരും എന്നവൾ മറുപടി പറഞ്ഞു.  കൊന്ത ചൊല്ലിത്തീർന്ന് ലുത്തിനിയ ചൊല്ലാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ലൂസി വിലക്കി. അവൾ എഴുന്നേറ്റു നിന്ന് ജസീന്തയോടായി വിളിച്ചു പറഞ്ഞു: "അതാ, മിന്നൽ കണ്ടില്ലേ? മാതാവ് വരുന്നുണ്ട്.."
ഫ്രാൻസിസ്, ലൂസി ജസീന്ത - ദർശകരായ കുട്ടികൾ 




           അവർ മൂന്നുപേരും ആ ചെറിയ ഓക്ക് മരത്തിനടുത്തേക്ക് ഓടി. അവരുടെ  പിന്നാലെ ഞങ്ങളും ഓടിച്ചെന്ന് അവരുടെ പിന്നിലായി മുട്ടുകുത്തി... ലൂസി പ്രാർത്ഥനയിലെന്നപോലെ കണ്ണുകൾ ഉയർത്തി കൈകൾ കൂപ്പി നിന്നിരുന്നു..  ഞങ്ങൾക്ക്  കാണാനാവാത്ത ആരോടോ അവൾ സംസാരിക്കുന്നത് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അദൃശ്യമായ ഒരു സാന്നിദ്ധ്യം ഞങ്ങൾക്കു മുൻപിലുണ്ടെന്ന് തോന്നിക്കുമാറ്‌ തീരെച്ചെറിയ സ്വരത്തിലുള്ള സംസാരം പോലെ എന്തോ ഒന്ന് ഞങ്ങൾക്ക് അനുഭവവേദ്യമാവുകയും ചെയ്തു..."
 ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ അന്നേദിവസത്തെ സംഭവങ്ങളെപ്പറ്റി എഴുതുന്നു:  "ഞങ്ങളുടെ കണ്മുൻപിൽ സ്വർഗ്ഗത്തിൽ നിന്നുവന്ന ആ മനോഹരി പുഞ്ചിരി തൂകി നിൽക്കുന്നുണ്ടായിരുന്നു. അത്യധികം ദയയോടെ, മാതൃസഹജമായ വാത്സല്യത്തോടെ, എന്നാൽ, വിവരണാതീതമായ ഒരു ശോകഭാവത്തോടെയാണ് അമ്മ നിന്നിരുന്നത്. ഞാൻ ചോദിച്ചു: "ഞങ്ങൾ എന്തുചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?"
"അടുത്ത മാസം പതിമ്മൂന്നാം തീയതിയിലും നിങ്ങൾ ഇവിടെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. "ആ മനോഹരി തുടർന്നു: എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. ജപമാലയുടെ ഓരോ ദശകത്തിനും ശേഷം നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കണം;  'ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ; നരകാഗ്നിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ; എല്ലാ ആത്മാക്കളെയും, വിശിഷ്യാ, അങ്ങേ കാരുണ്യം ഏറ്റം ആവശ്യമായവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ, ആമേൻ.'  നീ(ലൂസി) എഴുതുവാനും വായിക്കുവാനും പഠിക്കണം; ഇനിയുള്ള കാര്യങ്ങൾ പിന്നീട് ഞാൻ പറയാം.."
            അപ്പോൾ, മാതാവിന്റെ പക്കൽ സൗഖ്യത്തിനായി അപേക്ഷിച്ചിട്ടുള്ള ഒരു രോഗിയുടെ കാര്യം ഞാൻ അമ്മയോടു പറഞ്ഞു.  അമ്മ പറഞ്ഞു: 'അയാൾ മാനസാന്തരപ്പെടുകയാണെങ്കിൽ ഇക്കൊല്ലം തന്നെ സുഖം പ്രാപിക്കും.'
             ഞങ്ങളെക്കൂടി സ്വർഗ്ഗത്തിൽ കൊണ്ടുപോകണമെന്ന് ഒരിക്കൽക്കൂടി ഞാൻ  ആവശ്യപ്പെട്ടപ്പോൾ അമ്മ പറഞ്ഞു; "തീർച്ചയായും;  ജസീന്തയെയും ഫ്രാൻസിസിനെയും ഉടൻതന്നെ ഞാൻ കൊണ്ടുപോകും; എന്നാൽ, ഞാൻ കൂടുതലായി അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിക്കുന്നു;  എന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ നിന്നെ ഉപയോഗപ്പെടുത്താനും അവിടുന്ന് അഭിലഷിക്കുന്നു. അതിനാൽ, നീ കൂടുതൽക്കാലം ഈ ഭൂമിയിൽ ഉണ്ടായിരിക്കും.."
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ വിട്ടുപിരിയുന്നതോർത്ത് സങ്കടപ്പെട്ട് ഞാൻ ചോദിച്ചു: "അപ്പോൾ ഞാൻ ഇവിടെ തനിച്ചായിപ്പോകുമല്ലോ ?"
"അതോർത്ത് നിനക്ക് വിഷമമാണോ ? ഞാൻ എപ്പോഴും നിന്റെയരികിൽ ഉണ്ടായിരിക്കും.  എന്റെ വിമലഹൃദയം,  ദൈവത്തിലേക്കു നിന്നെ വഴി നടത്തുന്ന നിന്റെ അഭയകേന്ദ്രമായിരിക്കും.."
      അനന്തരം പരിശുദ്ധ മാതാവ് തന്റെ കൈകൾ രണ്ടുവശത്തുമായി വിടർത്തി.   അപ്പോൾ ആദ്യത്തെ ദർശനത്തിലെപ്പോലെ തന്നെ, ആ കൈകളിൽ നിന്ന് വലുതായ പ്രകാശം പുറപ്പെട്ട് മാതാവിനെ വലയം ചെയ്തു.  ആ പ്രകാശത്തിൽ ഞങ്ങളെയും ഞങ്ങൾ കണ്ടു.; ഞങ്ങൾ ദൈവത്തിലായിരിക്കുന്നതായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്.   ജസീന്തയും ഫ്രാൻസിസും സ്വർഗ്ഗത്തിലേക്ക് പോകുന്നതായി തോന്നിയ പ്രകാശപാതയിലും ഞാൻ   ഭൂമിയിലേക്കൊഴുകുന്ന പ്രകാശപാതയിലുമായിരുന്നു . മാതാവിന്റെ വലതുകൈയിൽ മുള്ളുകളാൽ വലയം ചെയ്യപ്പെട്ട ഒരു ഹൃദയം കാണപ്പെട്ടു;  അത് മാതാവിന്റെ വിമലഹൃദയമാണെന്നും മനുഷ്യരുടെ പാപങ്ങളാകുന്ന മുള്ളുകളാണ് നമ്മുടെ രക്ഷകനെയും അവിടുത്തെ മാതാവിനെയും അതിയായി വേദനിപ്പിക്കുന്നതെന്നും ഞങ്ങൾക്കു മനസ്സിലായി..." 
                        പിന്നീടുണ്ടായ കാര്യങ്ങൾ മരിയ കരിര വിവരിക്കുന്നു:  "പെട്ടെന്ന് ലൂസി എഴുന്നേറ്റു നില്ക്കുന്നത് ഞങ്ങൾ  കണ്ടു. കൈകൾ നീട്ടി അവൾക്കൊണ്ട് അവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു: "അതാ പോകുന്നു, അമ്മ അതാ പോകുന്നു.."
                   ദർശനം സമാപിച്ചെന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങൾ ആ ഓക്ക് മരത്തിനടുത്തേക്കുചെന്ന്  അതിന്റെ ഇലകളും ശിഖരങ്ങളുമൊക്കെ ഒടിച്ചെടുക്കാൻ തുടങ്ങി.  പിന്നെ മാതാവിന്റെ ലുത്തിനിയ ചൊല്ലി പ്രാർഥിച്ചതിനു ശേഷം ഞങ്ങൾ പിരിഞ്ഞു.. കൊന്ത ചൊല്ലിക്കൊണ്ട്‌ നേരെ പള്ളിയിലേക്കാണ് ഞങ്ങൾ പോയത്. അവിടെ വി.അന്തോനീസിന്റെ പ്രദക്ഷിണം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.  ഞങ്ങളെ കണ്ടയുടൻ, എവിടുന്നാണ് വരുന്നതെന്ന് ആളുകൾ ചോദിച്ചു;  കോവാ ദെ ഇറിയായിൽ നിന്നാണെന്നും അവിടെപ്പോകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അത്യധികം സന്തോഷമുണ്ടെന്നും ഞങ്ങൾ പറഞ്ഞു.."

Thursday, February 12, 2015

ഫാത്തിമായിലെ കൊച്ചുവിശുദ്ധർ

                     ദൈവമാതാവിന്റെ ദർശനവിവരം ആരോടും പറയരുതെന്ന്  തീരുമാനിച്ചുറപ്പിച്ച ശേഷം കുട്ടികൾ മൂന്നുപേരും  കൂടി   വൈകുന്നേരം ആട്ടിൻപറ്റവുമായി  വീടുകളിലേക്കു മടങ്ങി.  ലൂസിയും ഫ്രാൻസിസും  മൗനമവലംബിച്ചപ്പോൾ ജസീന്തയ്ക്ക്  ഇക്കാര്യം ഒളിച്ചു വെയ്ക്കാനായില്ല.  അവൾ ആഹ്ലാദഭരിതയായി അമ്മയോട് വിളിച്ചു പറഞ്ഞു: "അമ്മേ, ഞങ്ങൾ ഇന്ന് മാതാവിനെക്കണ്ടു ...എന്തു ഭംഗിയാണെന്നോ അമ്മേ മാതാവിനെക്കാണാൻ ...." 
                       അമ്മ ഒളിമ്പിയ തന്നെ തീരെ വിശ്വസിക്കുന്നില്ലെന്നു കണ്ടപ്പോൾ അവൾ അന്നുണ്ടായ കാര്യങ്ങളൊക്കെ   ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.  ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അവരുടെ പിതാവ്, ഫ്രാൻസിസിനെ വിളിച്ചു ചോദിച്ചു. അവൻ അത് സ്ഥിരീകരിച്ചപ്പോഴാണ് കാര്യം ഗൗരവമുള്ളതാണെന്ന് അവർക്കു തോന്നിയത്.  അന്ന് ആ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ജസീന്തയുടെ ഒരു അമ്മാവൻ പറഞ്ഞു; "കുട്ടികൾ തൂവെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കണ്ടുവെങ്കിൽ അത് പരിശുദ്ധ മാതാവല്ലാതെ മറ്റാരാകാനാണ് ?"    കുട്ടികളുടെ പിതാവായ ടി മാർട്ടിനും ഏതാണ്ടൊക്കെ വിശ്വാസമായി. അതേപ്പറ്റി പിന്നീട് അദ്ദേഹം ഇപ്രകാരം പറഞ്ഞു; "കുട്ടികൾ പറയുന്നതു കേട്ടപ്പോൾത്തന്നെ എനിക്കെന്തോ അതു സത്യമാണെന്നു തോന്നി. .  അതെ,  ഉടനെ തന്നെ ഞാനത് വിശ്വസിച്ചു.  ജസീന്തയും ഫ്രാൻസിസും കള്ളം പറയുന്ന കുട്ടികളല്ല. ഇങ്ങനെയൊരു കാര്യം ഉണ്ടാക്കിപ്പറയാനുള്ള ബുദ്ധിവൈഭവമോ വിദ്യാഭ്യാസമോ ഈ കുട്ടികൾക്കില്ല.  ദൈവികമായ ഒരു വെളിപ്പെടുത്തലിലൂടെയല്ലാതെ ഇക്കാര്യം ഈ കുട്ടികൾ അറിയാൻ  ഒരു വഴിയുമുള്ളതായി എനിക്കു തോന്നിയില്ല."
                               എന്തായാലും പിറ്റേന്ന് രാവിലെ ജസീന്തയുടെ അമ്മ ദർശനവിവരം ചില അയൽക്കാരോട് വെളിപ്പെടുത്തി. അതോടെ   നാടിളകി. അൽപ്പസമയത്തിനുള്ളിൽ  വാർത്ത ഗ്രാമം മുഴുവൻ പരന്നു. ഏറ്റവും ഒടുവിൽ അറിഞ്ഞത് ലൂസിയുടെ വീട്ടുകാരായിരുന്നു!! 
                        ലൂസിയുടെ അമ്മ അവളെ പരിഹസിക്കുകയാണ് ചെയ്തത്. അവർ അവളെ വിശ്വസിച്ചില്ലെന്നു മാത്രമല്ല,  അവൾ കള്ളം പറയാൻ തുടങ്ങിയിരിക്കുവെന്നു പറഞ്ഞ് കഠിനമായി ശാസിക്കുകയും ചെയ്തു. ലൂസിയുടെ ഹൃദയം വേദനിച്ചു. എങ്ങിനെയാണ് ഈ രഹസ്യം പുറത്തായതെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഫ്രാൻസിസ് അവളുടെ അടുത്തേക്ക്‌ ഓടിവന്ന് വിവരങ്ങളെല്ലാം പറഞ്ഞു. ജസീന്ത അവളുടെ പ്രതിജ്ഞ പാടെ മറന്ന് മാതാപിതാക്കളോട് ദർശനവിവരം വെളിപ്പെടുത്തിയതും അവർ വഴി ഗ്രാമവാസികൾ മുഴുവൻ വാർത്തയറിഞ്ഞതും അവൻ വിവരിച്ചു. 
                          അന്ന് ഉച്ചയോടെ ആടുകളെയുമായി കുട്ടികൾ അവരുടെ പതിവു സ്ഥലത്തേക്കു പോയി.  ജസീന്ത മ്ലാനവദനയായിരുന്നു.  രഹസ്യം സൂക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ലല്ലോ .  പതിവുപോലെ കളികളിലേർപ്പെടുന്നതിനു പകരം അവർ കൊന്ത  ചൊല്ലിയും മാലാഖ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലിയും സമയം ചെലവഴിച്ചു.  കൊണ്ടുവന്ന ഉച്ചഭക്ഷണം ആടുകൾക്കു കൊടുത്ത് പരിത്യാഗ പരിശീലനം തുടർന്നു..

Thursday, February 5, 2015

മാലാഖയുടെ സന്ദർശനം

                (1930 ഒക്ടോബറിൽ തിരുസഭ അംഗീകരിച്ച   ദൈവമാതാവിന്റെ ഫാത്തിമായിലെ  ദർശനങ്ങളെപ്പറ്റി)            

  1917 ലെ ദൈവമാതാവിന്റെ സന്ദർശനങ്ങൾ തുടങ്ങുന്നതിനു വളരെമുൻപുതന്നെ   ദൈവം ഒരു മാലാഖയെ അയച്ച്   കുട്ടികളെ ഒരുക്കുവാൻ  തിരുമനസ്സായി.  ഇതേപ്പറ്റി സിസ്റർ ലൂസി എഴുതി:
             "1915 ൽ,  മാസം ഏതെന്നു  കൃത്യമായി പറയാൻ എനിക്കറിയില്ല; കാരണം, എനിക്കന്ന് 8 വയസ്സു കഴിഞ്ഞിട്ടേയുള്ളൂ.  കാലാവസ്ഥ വെച്ചുനോക്കുമ്പോൾ   ഏപ്രിലിനും സെപ്ടംബറിനും ഇടയിലായിരിക്കണം,  ഞങ്ങൾ മൂവരും ആടുകളെയും കൊണ്ട്   കബെക്കോ കുന്നിന്റെ മുകളിലായിരുന്നു..  ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ കൊന്ത ചൊല്ലാൻ തുടങ്ങി.  അപ്പോൾ ഞങ്ങളുടെ മുൻപിൽ  മഞ്ഞുപ്രതിമ പോലെ ഒരു മനുഷ്യ രൂപം വായുവിൽ ഉയർന്നു നിൽക്കുന്നത് ഞങ്ങൾ കണ്ടു.  പേടിച്ചരണ്ട ജസീന്തയും ഫ്രാൻസിസും ചോദിച്ചു: എന്താണത്? എനിക്കറിയില്ലെന്നു  ഞാൻ പറഞ്ഞു.  പേടിച്ചുപോയെങ്കിലും കൊന്ത ചൊല്ലുന്നതു ഞങ്ങൾ നിർത്തിയില്ല. കൊന്ത ചൊല്ലിത്തീർന്നപ്പോൾ ആ രൂപവും അപ്രത്യക്ഷമായി... അൽപ കാലത്തിനുശേഷം ഈ പ്രതിഭാസം വീണ്ടും രണ്ടു തവണ കൂടി ആവർത്തിച്ചു..."
  1916 ൽ വീണ്ടും ഈ മാലാഖ കുട്ടികളെ സന്ദർശിച്ചു. സിസ്റർ ലുസിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്:-
             " ഞങ്ങൾ  ആടുകളെയും കൊണ്ട്   കബെക്കോ കുന്നിന്റെ കിഴക്കുഭാഗത്തേക്കു പോയി. കാലത്തുപെയ്ത മഴയ്ക്കുശേഷം അന്തരീക്ഷം തെളിവുറ്റതും ശാന്തവുമായിരുന്നു.  പതിവുപോലെ ഉച്ചഭക്ഷണവും അതിനുശേഷമുള്ള ജപമാല പ്രാർത്ഥനയും കഴിഞ്ഞ് ഞങ്ങൾ കളിക്കാൻ തുടങ്ങി.  അൽപ്പസമയം കഴിഞ്ഞപ്പോൾ ശക്തമായ കാറ്റിൽ മരങ്ങൾ  ആടിയുലയാൻ തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നറിയാൻ തലയുയർത്തി നോക്കിയ ഞങ്ങൾ കണ്ടത്, കഴിഞ്ഞ കൊല്ലം കണ്ട ആ മഞ്ഞുപ്രതിമ പോലെയുള്ള രൂപം ഒലിവുമരങ്ങൾക്കു മുകളിലൂടെ ഞങ്ങളുടെയടുത്തേക്കു വരുന്നതാണ് .  അടുത്തടുത്തു വരുംതോറും ഞങ്ങൾക്കു മനസ്സിലായി, അതൊരു ചെറുപ്പക്കാരന്റെ രൂപമാണെന്ന് .. മഞ്ഞിനേക്കാൾ വെണ്മയേറിയ, സ്ഫടികം പോലെ സുതാര്യമായ, അതീവ സൗന്ദര്യമുള്ള ഒരു രൂപം..
             ഞങ്ങളുടെ  അടുത്തെത്തിയ ആ രൂപം പറഞ്ഞു; "എന്നോടൊപ്പം പ്രാർഥിക്കുക.  ഭയപ്പെടേണ്ട,  ഞാൻ സമാധാനത്തിന്റെ മാലാഖയാണ്. എന്നോടൊപ്പം പ്രാർഥിക്കുക."
                    നിലത്തുമുട്ടുകുത്തിയ മാലാഖ, നെറ്റി നിലത്തുമുട്ടിച്ചുകൊണ്ട് സാഷ്ടാംഗം പ്രണമിച്ചു. ഞങ്ങളും അറിയാതെതന്നെ മാലാഖയെ അനുകരിച്ചുകൊണ്ട് മാലാഖ ചൊല്ലിത്തന്ന പ്രാർത്ഥന ഏറ്റുചൊല്ലി.  "എന്റെ ദൈവമേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു; ഞാനങ്ങയെ ആരാധിക്കുന്നു; ഞാനങ്ങിൽ ശരണപ്പെടുന്നു, ഞാനങ്ങയെ സ്നേഹിക്കുന്നു.  അങ്ങയെ സ്നേഹിക്കുകയോ  ആരാധിക്കുകയോ അങ്ങിൽ വിശ്വസിക്കുകയോ ശരണപ്പെടുകയോ ചെയ്യാത്തവർക്കു വേണ്ടി ഞാനങ്ങയോടു മാപ്പുചോദിക്കുന്നു..'
                    ഈ പ്രാർത്ഥന മൂന്നുപ്രാവശ്യം ഞങ്ങളെക്കൊണ്ട് ചൊല്ലിച്ചശേഷം മാലാഖ നിവർന്നുനിന്നുകൊണ്ടു പറഞ്ഞു; ഇങ്ങനെ എപ്പോഴും പ്രാർഥിക്കുക. യേശുവും മാതാവും നിങ്ങളുടെ പ്രാർഥനകൾക്കു കാതോർത്തിരിക്കയാണ് ..."
അതിനുശേഷം മാലാഖ അപ്രത്യക്ഷനായി .... 
 
       വേനൽക്കാലം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോഴായിരുന്നു മാലാഖയുടെ രണ്ടാമത്തെ സന്ദർശനം.  ചൂട്  സഹിക്കവയ്യാതെ ആടുകളെ ഉച്ചയ്ക്കുമുൻപേ ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോരുകയും വൈകുന്നേരം വീണ്ടും മേയാൻ കൊണ്ടുപോവുകയുമായിരുന്നു പതിവ്.. ഇടയ്ക്കുള്ള (ഉച്ചയുറക്കത്തിന്റെ)  സമയം, ഞങ്ങളുടെ തോട്ടത്തിനു താഴെയുള്ള ഒരു കിണറിനു സമീപം  ചെലവഴിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. 
       ഒരുദിവസം പതിവുപോലെ ഞങ്ങൾ കിണറിനു ചുറ്റുമുള്ള വൃക്ഷങ്ങളുടെ തണലിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ മാലാഖയെ  വീണ്ടും ഞങ്ങളുടെ സമീപെ ഞങ്ങൾ കണ്ടു!
           "നിങ്ങൾ എന്തുചെയ്യുകയാണ്? പ്രാർഥിക്കൂ .. ധാരാളം പ്രാർഥിക്കൂ ... യേശുവിനും മാതാവിനും നിങ്ങളുടെ പ്രാർത്ഥനകൾ  ആവശ്യമുണ്ട്.  നിങ്ങളുടെ പ്രാർത്ഥനകളും ത്യാഗങ്ങളും അത്യുന്നതനായ ദൈവത്തിന് നിങ്ങൾ സമർപ്പിക്കുവിൻ."
"എങ്ങിനെയാണ് ഞങ്ങൾ ത്യാഗങ്ങൾ ചെയ്യേണ്ടത്?" ഞാൻ ചോദിച്ചു.
"നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ത്യാഗപ്രവൃത്തികളാക്കി മാറ്റി ദൈവത്തിനു സമർപ്പിക്കുക. അങ്ങനെ ദൈവനിന്ദയ്ക്കു പരിഹാരം ചെയ്യുക.  ഒപ്പം പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാർഥിക്കുക."
"അങ്ങനെ  നിങ്ങളുടെ മാതൃരാജ്യമായ പോർട്ടുഗലിന്   നിങ്ങൾ  സമാധാനം കൈവരുത്തും. ഞാൻ പോർട്ടുഗലിന്റെ കാവൽമാലാഖയാണ്.  എല്ലാറ്റിനുമുപരിയായി,  ദൈവം നിങ്ങൾക്കയയ്ക്കുന്ന സഹനങ്ങൾ വിനീതമായി സ്വീകരിക്കുക."
മാലാഖ അപ്രത്യക്ഷനായി.

ഫാത്തിമാനാഥ

     (1930 ഒക്ടോബറിൽ തിരുസഭ അംഗീകരിച്ച   ദൈവമാതാവിന്റെ ഫാത്തിമായിലെ  ദർശനങ്ങളെപ്പറ്റി)           
                 
പോർട്ടുഗലിന്റെ ഹൃദയഭാഗത്തുള്ള ഒരു കുഗ്രാമമാണ്‌ ഫാത്തിമാ. 1917 മേയ് മാസംപതിമൂന്നാം തീയതി.. ഫാത്തിമായിലെ കോവാ ദെ ഇറിയ എന്ന കുന്നിൻ ചരിവിൽ മൂന്ന് ഇടയക്കുട്ടികൾ ആടുകളെ മേയിക്കുകയാണ്.. നല്ല തെളിഞ്ഞ ആകാശം.. ഉച്ച സമയം.. ത്രികാലജപത്തിനു സമയമായി എന്നറിയിച്ചുകൊണ്ട് സമീപത്തുള്ള ദേവാലയത്തിലെ മണി മുഴങ്ങി..
ആടുകളെ  മേയിച്ചുകൊണ്ടിരുന്ന ലൂസിയും ഫ്രാൻസിസും ജസീന്തയും മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലാൻ തുടങ്ങി. നല്ല തെളിവുള്ള ദിവസമായിരുന്നതിനാൽ, മുഴുവൻ ജപമാല ചൊല്ലി  സമയം നഷ്ടപ്പെടുത്താൻ അവർക്കു മനസ്സു വന്നില്ല. അതുകൊണ്ട്, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, എന്നീ പ്രാർത്ഥനകളുടെ തുടക്കം മാത്രവും ത്രിത്വസ്തുതിയും ചൊല്ലി രണ്ടു മിനിട്ടു കൊണ്ട് ഒരു കൊന്ത അവർ ചൊല്ലിത്തീർത്തു!
പെട്ടെന്ന് ഇടിമിന്നലിനേക്കാൾ പ്രകാശമുള്ള ഒരു വെളിച്ചം അവർ കണ്ടു; അതെന്താണെന്നറിയാൻ അവർ ചുറ്റും നോക്കി.  ഫ്രാൻസിസ് പറഞ്ഞു; "കൊടുംകാറ്റിന്റെ ആരംഭമാണെന്ന് തോന്നുന്നു; നമുക്ക് ആടുകളെയും കൂട്ടി വീട്ടിലേക്കു മടങ്ങാം.." പെണ്‍കുട്ടികൾ സമ്മതിച്ചു. മൂവരും ആടുകളെയുമായി കുന്നിൻ ചരിവിലൂടെ താഴേയ്ക്കിറങ്ങുകയാണ്.. താഴെയെത്തിയപ്പോൾ അതാ, വീണ്ടും ആ മിന്നലൊളി.. അതാകട്ടെ, ആദ്യത്തേതിനേക്കാൾ പ്രകാശമേറിയതായിരുന്നു..
"അതാ, അതുകണ്ടോ ..?" തൊട്ടടുത്തുള്ള ഒരു ചെറിയ ഓക്ക് മരത്തിനുനേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് ലൂസി പറഞ്ഞു.
വെള്ള നിറത്തിലുള്ള അങ്കിയും ശിരോവസ്ത്രവും ധരിച്ച, അതീവ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം ആ ഓക്ക് മരത്തിനു മുൻപിൽ  ഉയരത്തിലായി  നിൽക്കുന്നത് അവർ കണ്ടു. പേടിച്ചരണ്ട കുട്ടികൾ ഓടിപ്പോകാൻ ഭാവിച്ചപ്പോൾ മാധുര്യമേറിയ സ്വരത്തിൽ ആ രൂപം സംസാരിച്ചു; "ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്ക് ഒരുപദ്രവവും ചെയ്കയില്ല."
അപ്പോൾ കുട്ടികൾ ആ രൂപത്തിനടുത്തേയ്ക്കു അടുത്തുവന്നു.  ആ മനോഹരി കൈകൾ  രണ്ടും കൂപ്പി പ്രാർത്ഥനയിലെന്നപോലെയാണ് നിന്നിരുന്നത്.  ഒരു ജപമാല ആ കൈകളിൽ  നിന്ന് താഴേക്ക്‌ തൂങ്ങിക്കിടന്നിരുന്നു! 
ലൂസി ഭവ്യതയോടെ ചോദിച്ചു; "അങ്ങ് എവിടെ നിന്നാണ് വരുന്നത്?"
"ഞാൻ  സ്വർഗ്ഗത്തിൽ നിന്നു വരുന്നു." ആ രൂപം മറുപടി നല്കി.
സ്വർഗ്ഗത്തെപ്പറ്റി മതബോധനക്ലാസ്സിൽ നിന്നു കിട്ടിയ അറിവുണ്ടായിരുന്നതിനാൽ ആ മറുപടി  കുട്ടികൾ പൂർണ്ണമായി വിശ്വസിച്ചു.  
"ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" ലൂസി വീണ്ടും ചോദിച്ചു.
"അടുത്ത ആറുമാസങ്ങളിൽ, എല്ലാ പതിമൂന്നാം തീയതിയിലും ഇതേ സമയത്ത് നിങ്ങൾ ഇവിടെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആരാണെന്നും എന്താണ് ഞാനാഗ്രഹിക്കുന്നതെന്നും പിന്നീടു വെളിപ്പെടുത്തുന്നതാണ്. ഏഴാമത് ഒരു പ്രാവശ്യം കൂടി ഞാൻ ഇവിടെ വരുന്നതാണ് .." ആ രൂപം പറഞ്ഞു. 
 ആ മനോഹരിയെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, സ്വർഗ്ഗം എത്ര സുന്ദരമായിരിക്കുമെന്നാണ് ലൂസി ചിന്തിച്ചത്.  അവൾ  ചോദിച്ചു; '"ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?"
"ഉവ്വ്, നീ സ്വർഗ്ഗത്തിൽ പോകും.."
"ജസീന്തയോ?"
"അവളും പോകും."
"ഫ്രാൻസിസോ?"
ഫ്രാൻസിസിനെ അൽപ്പനേരം സ്നേഹത്തോടെ നോക്കിക്കൊണ്ട്‌ ആ രൂപം മറുപടി നൽകി: "അവനും പോകും.. എന്നാൽ, അവൻ അതിനായി ധാരാളം ജപമാല ചൊല്ലേണ്ടതുണ്ട്.."
ഈ സമയം, അടുത്തയിടെ മരണമടഞ്ഞ തന്റെ രണ്ടു കൂട്ടുകാരികളുടെ കാര്യം ലൂസിയുടെ ഓർമ്മയിൽ വന്നു. അവൾ തിരക്കി; "എന്റെ കൂട്ടുകാരി മരിയ സ്വർഗ്ഗത്തിലുണ്ടോ? "
"ഉവ്വ്, അവൾ സ്വർഗ്ഗത്തിലുണ്ട് .."
"അമേലിയായോ?"
"അവൾ  ശുദ്ധീകരണസ്ഥലത്തിലാണ് ..."
 പ്രകാശിക്കുന്ന ആ രൂപം ചോദിച്ചു:
 "മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരമായും പാപികളുടെ മാനസാന്തരത്തിനായും നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കാനും  ദൈവം അയയ്ക്കുന്ന സഹനങ്ങൾ  നല്ല മനസ്സോടെ സ്വീകരിക്കാനും നിങ്ങൾക്കു സമ്മതമാണോ?"
"ഞങ്ങൾക്കു സമ്മതമാണ് .."
"പക്ഷെ, അതുനിമിത്തം നിങ്ങൾ ഒരുപാടു സഹിക്കേണ്ടതായിവരും. എങ്കിലും,  നിങ്ങൾക്ക് ആശ്വാസമായി ദൈവകൃപ എപ്പോഴും നിങ്ങളോടൊത്തുണ്ടാവും."

ഇതു പറഞ്ഞുകൊണ്ടിരിക്കെ, ആ രൂപം കൈകൾ വിടർത്തി; ആ കൈകളിൽ നിന്നു നിർഗളിച്ച  സ്വർഗീയമായ പ്രകാശത്തിൽക്കുളിച്ച്  ഞങ്ങൾ   നിന്നു. ആ പ്രകാശം ദൈവമാണെന്ന്  ഞങ്ങൾക്കു തോന്നി.  പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ ഞങ്ങൾ മുട്ടുകുത്തി, മാലാഖ പഠിപ്പിച്ച പ്രാർത്ഥന ഹൃദയത്തിൽ ഏറ്റുചൊല്ലി.                            അല്പസമയത്തിനു  ശേഷം വീണ്ടും ആ രൂപം പറഞ്ഞു: "ലോകത്തിൽ സമാധാനം കൈവരുന്നതിനും യുദ്ധം അവസാനിക്കുന്നതിനുമായി എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർഥിക്കുക."
"യുദ്ധം നീണ്ടുനില്ക്കുമോ അതോ ഉടനെ അവസാനിക്കുമോ?"
"അത് ഇപ്പോൾ പറയാൻ സാധിക്കയില്ല; കാരണം, ഞാൻ എന്തിനായി വന്നുവോ അത് ഇനിയും വെളിപ്പെടുത്തിയിട്ടില്ല."
അതിനുശേഷം ആ രൂപം മെല്ലെ ഉയർന്ന് അനന്തതയിൽ അലിഞ്ഞു.

                      കോവാ ദെ ഇറിയയിലെ ദൈവമാതാവിന്റെ ദർശനം ഏതാണ്ട് 10 മിനിറ്റ് നീണ്ടുനിന്നു. ദർശനവേളയിൽ, മാതാവിനോട് സംസാരിച്ചത് ലൂസി മാത്രമാണ്. ജസീന്ത എല്ലാം കാണുകയും കേൾക്കുകയും ചെയ്തെങ്കിലും സംഭാഷണത്തിൽ പങ്കുചേരാൻ ധൈര്യപ്പെട്ടില്ല.  ഫ്രാൻസിസിനാകട്ടെ, മാതാവിനെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നെങ്കിലും മാതാവ് പറയുന്നതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ലൂസിയുടെ  വാക്കുകൾ അവൻ കേട്ടിരുന്നു.   മാതാവ് പറഞ്ഞ കാര്യങ്ങളെല്ലാം ലൂസിയും ജസീന്തയും പിന്നീട് അവനെ പറഞ്ഞുകേൾപ്പിച്ചു.  അവൻ സ്വർഗ്ഗത്തിൽപോകുമെന്ന് മാതാവ് പറഞ്ഞതായി അറിഞ്ഞപ്പോൾ അവൻ അത്യന്തം ആനന്ദഭരിതനായി. അവൻ വിളിച്ചുപറഞ്ഞു: "ഓ, എന്റെ നാഥേ, അങ്ങു പറയുന്ന അത്രയും ജപമാലകൾ ഞാൻ ചൊല്ലാം.."
            ലൂസി എഴുതുന്നു;   "അന്നു മുതൽ ഫ്രാൻസിസ്, നടക്കാൻ പോകുന്നുവെന്ന മട്ടിൽ ഞങ്ങളിൽ നിന്ന് അകന്നുമാറി നടക്കാൻ തുടങ്ങി.   എന്തുചെയ്യുകയാണെന്നു ഞങ്ങൾ വിളിച്ചുചോദിക്കുമ്പോൾ, കൈയിലിരിക്കുന്ന ജപമാല  അവൻ ഉയർത്തിക്കാട്ടും. ജപമാല പിന്നീടു ചൊല്ലാമെന്നു പറഞ്ഞ് ഞങ്ങൾ അവനെ കളിക്കാൻ വിളിക്കുമ്പോൾ അവൻ പറയും: "ഞാൻ അപ്പോഴും പ്രാർഥിക്കും.  ഞാൻ ധാരാളം ജപമാല ചൊല്ലണമെന്ന് മാതാവ് പറഞ്ഞത് നിങ്ങൾ മറന്നുപോയോ?"
 മാതാവ് അവരിൽനിന്ന് സഹനങ്ങളും ത്യാഗങ്ങളും ആവശ്യപ്പെട്തും അവർ ഓർമ്മിച്ചു.  എങ്ങിനെയാണ്  ത്യാഗങ്ങൾ ചെയ്യേണ്ടതെന്ന് ആലോചിചപ്പോൾ ഫ്രാൻസിസ് പറഞ്ഞു; "നമുക്ക് നമ്മുടെ ഉച്ചഭക്ഷണം ആടുകൾക്ക് കൊടുക്കാം.. അതൊരു ത്യാഗമാക്കാം... " ഞങ്ങൾ അപ്രകാരം ചെയ്തു.  അങ്ങനെ, അന്ന് ഞങ്ങൾ ഉപവാസം ആചരിച്ചു. "പ്രാർത്ഥനയും പരിത്യാഗവും " എന്നുള്ള മാതാവിന്റെ സന്ദേശം അങ്ങനെ ഞങ്ങൾ ജീവിക്കാൻ ആരംഭിച്ചു...

പ്രാർത്ഥനയുടെ ശക്തി

                                  ഈശോ ജറുസലേം ദേവാലയത്തിലാണ്. ആളുകള്‍ അധികമില്ല.  ഇസ്രായേല്‍ക്കാരുടെ അങ്കണത്തില്‍ പ്രാര്‍ഥിച്ച ശേഷം ഈശോ തിരിച്ചുനടന്ന് ഒരു തൂണിന്മേല്‍ ചാരിനിന്ന് നോക്കുന്നു.  ഈശോയെ മറ്റുള്ളവരും നോക്കുന്നുണ്ട് . 
ഇസ്രായേല്‍ക്കാരുടെ അങ്കണത്തില്‍ നിന്നുവരുന്ന ഒരു പുരുഷനെയും സ്ത്രീയെയും ഈശോ കാണുന്നു. അവര്‍ കരയുന്നില്ലെങ്കിലും മുഖങ്ങള്‍ ദുഃഖിതമാണ്.
                        ഈശോ അവരുടെ പക്കലേക്ക് നടന്നുചെന്ന് സഹതാപത്തോടെ കാര്യമന്വേഷിക്കുന്നു.
                            ഈശോയുടെ താൽപ്പര്യം കണ്ട് വിസ്മയത്തോടെ ആ മനുഷ്യൻ ചോദിക്കുന്നു; "ഒരു റബ്ബി കേവലം സാധാരണക്കാരനായ ഒരു  വിശ്വാസിയുടെ ദുഃഖത്തിൽ ശ്രദ്ധിക്കുന്നതെങ്ങനെ?"
                           "കാരണം, റബ്ബി  കർത്താവിൽ നിന്റെ സഹോദരനാണ് മനുഷ്യാ.. കൽപ്പനയിൽ ആവശ്യപ്പെടുന്നതു പോലെ അവൻ നിന്നെ സ്നേഹിക്കുന്നു."
                                       "ഞാൻ അങ്ങയുടെ സഹോദരനോ? ഞാൻ ഷാരോൺ സമതലത്തിലെ ഒരു പാവപ്പെട്ട ഉഴവുകാരനാണ്. അങ്ങ് ഒരു റബ്ബിയും.."
                      "എല്ലാവരെയും പോലെ റബ്ബിമാർക്കും ദുഃഖങ്ങളുണ്ട്. ദുഃഖം എന്താണെന്ന് എനിക്കറിയാം.. നിങ്ങളെ ആശ്വസിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു."
                            "റബ്ബീ, ഞങ്ങൾക്ക് ഒരു മകളുണ്ട്. അവളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി; രണ്ടു കുട്ടികളുമുണ്ട്. ഇപ്പോൾ അവളുടെ ഭർത്താവ് വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മകൾ കരച്ചിൽ തന്നെ.. അധികം താമസിയാതെ ചങ്കുപൊട്ടി അവൾ മരിക്കും... അവളുടെ ഭർത്താവിനെ നല്ലവഴിക്ക് തിരിക്കാൻ ഞങ്ങൾ എല്ലാ വഴികളും നോക്കി.. അത്യുന്നതനോട് ധാരാളം പ്രാർത്ഥിച്ചു... അതിനായി മാത്രം ഞങ്ങൾ തീർത്ഥാടകരായി ഇവിടെ വന്നിരിക്കയാണ്.  ഒരു മാസമായി ഞങ്ങൾ ഇവിടെയായിട്ട്... എല്ലാ ദിവസവും ഞങ്ങൾ  ദേവാലയത്തിൽ വരുന്നുണ്ട്...  ഇന്നു രാവിലെ, മകളുടെ വേലക്കാരി ഞങ്ങളെ അറിയിച്ചു, അവൻ വിവാഹമോചനത്തിന്റെ പത്രിക അവളുടെ പക്കലേക്ക് അയയ്ക്കാൻ സെസ്സേറിയായിലേക്കു പോയിരിക്കയാണെന്ന്... അതാണ് ഞങ്ങളുടെ പ്രാർത്ഥനയ്ക്കു കിട്ടിയ മറുപടി..."
                                                   ഈശോ പറയുന്നു: " നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കൂ. കര്‍ത്താവ് നിങ്ങളെ ശ്രവിക്കും."
                         "വളരെ വൈകി പ്പോയി. ഞങ്ങളുടെ മകള്‍ക്ക് ഉപേക്ഷാ പത്രം കൊടുത്തു..."
                           "അത്യുന്നതന് വൈകിപ്പോകുന്നില്ല. നിര്‍ബന്ധമായ പ്രാര്‍ഥനയുടെ ഫലമായി ഒരു നിമിഷം കൊണ്ട് സംഗതികളുടെ ഗതി മാറ്റാന്‍ അവനു കഴിയും. കുടിക്കാന്‍ അടുപ്പിക്കുന്ന പാനപാത്രത്തിനും  അധരങ്ങള്‍ക്കും ഇടയ്ക്കു കൂടി മരണത്തിന് അതിന്റെ കഠാര കുത്തിയിറക്കി കുടിക്കാന്‍ 
ഇടയാക്കാതിരിക്കുന്നതിനു കഴിയും. അത് ദൈവത്തിന്റെ ഇടപെടല്‍ നിമിത്തമാണ് എന്നു ഞാന്‍ നിന്നോടു പറയുന്നു. നിങ്ങളുടെ പ്രാര്‍ഥനാസ്ഥലങ്ങളിലേക്ക് തിരിച്ചു പോകുവിന്‍. ഇന്നും നാളെയും മറ്റന്നാളും  പ്രാര്‍ഥനയില്‍ ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍  അത്ഭുതം നടക്കുന്നത് നിങ്ങള്‍ കാണും."
"റബ്ബീ, നീ ഞങ്ങളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നു... പക്ഷേ... ഈ സമയത്ത്... നിനക്കറിയാമല്ലോ, ഉപേക്ഷാപത്രിക പരിത്യജിക്കപ്പെട്ട സ്ത്രീയ്ക്ക് കൊടുത്തു കുഴിഞ്ഞാൽപ്പിന്നെ അതു റദ്ദാക്കാൻ സാദ്ധ്യമല്ലെന്ന്." ആ മനുഷ്യൻ തറപ്പിച്ചു പറയുന്നു.
"വിശ്വാസമുള്ളവരായിരിക്കുക എന്നാണു ഞാൻ പറയുന്നത്. അതു റദ്ദാക്കാൻ സാദ്ധ്യമല്ലെന്നുള്ളത് സത്യം തന്നെ. പക്ഷേ, നിങ്ങളുടെ മകൾ അതു കൈപ്പറ്റിയോ ഇല്ലയോ എന്നു നിങ്ങൾക്കറിയാമോ?"
"ഡോറായിൽ നിന്ന് സെസ്സേറിയായിലേക്കു വലിയ ദൂരമില്ല. ഭൃത്യ ഇങ്ങോട്ടു വന്ന സമയത്ത് ജേക്കബ് വീട്ടിലെത്തി തീർച്ചയായും മേരിയെ ഇറക്കി വിട്ടുകാണും."
"വലിയ ദൂരമില്ല, ശരി. പക്ഷേ അവൻ തിരിച്ചെത്തിയെന്ന് നിങ്ങൾക്കുറപ്പുണ്ടോ? ദൈവാനുഗ്രഹത്താൽ ജോഷ്വായ്ക്ക് സൂര്യനെ തടയാൻ കഴിഞ്ഞെങ്കിൽ, മനുഷ്യമനസ്സിന് അതീതമായ ഒരു മനസ്സിന്, ഒരു  മനുഷ്യനെ തടയാൻ കഴിയുകയില്ലേ? ഒരു നല്ല കാര്യത്തിനു വേണ്ടി പ്രത്യാശയോടെ അർപ്പിക്കുന്ന നിർബ്ബന്ധമായ നിങ്ങളുടെ പ്രാർത്ഥന, മനുഷ്യന്റെ  ദുഷ്ടമനസ്സിനെതിരായ ശ്രേഷ്ഠമായ ഒരു  മനസ്സല്ലേ? ഭോഷനായ ആ മനുഷ്യനെ വഴിയിൽ തടയാൻ ദൈവം നിങ്ങളെ സഹായിക്കില്ലേ? കാരണം, നിങ്ങളുടെ പിതാവായവനോട് ഒരു നല്ല കാര്യമാണ് നിങ്ങൾ ചോദിക്കുന്നത്. ഞാൻ പറയുന്നു, പോയി ഇന്നും നാളെയും നാളെ കഴിഞ്ഞും പ്രാർത്ഥിക്കുക; നിങ്ങൾ അത്ഭുതം കാണും."
സ്ത്രീ പറയുന്നു; "ഓ! നമുക്കു പോകാം ജയിംസേ; റബ്ബിക്കറിയാം. വിശ്വാസമുള്ളവനായിരിക്കുക. എനിക്ക് മനസ്സിൽ വലുതായ സമാധാനം അനുഭവപ്പെടുന്നു. റബ്ബീ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. നീ നല്ലവനാണ്. ജയിംസേ വരൂ.." അവർ ഈശോയെ അഭിവാദ്യം ചെയ്തശേഷം പോകുന്നു.
                     അപ്പസ്തോലന്മാർ പറയുന്നു; "നീ ആരാണെന്ന് അവരോടു പറഞ്ഞിരുന്നെങ്കിൽ അവർ കൂടുതൽ സമാധാനത്തോടെ പ്രാർത്ഥിക്കുമായിരുന്നു."
 
               "കൂടുതൽ സമാധാനത്തോടെ അവർ പ്രാർത്ഥിക്കുമായിരുന്നിരിക്കാം. എന്നാൽ ആ
പ്രാർത്ഥനയ്ക്ക്  ശക്തിയും യോഗ്യതയും കുറഞ്ഞു പോകുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ അവരുടെ വിശ്വാസം പൂർണ്ണമാണ്. അതിനു പ്രതിസമ്മാനവുമുണ്ടാകും."


 (ദൈവ മനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന് )